10-01-20

സംഗീത സാഗരത്തിലേക്ക് ഏവർക്കും സ്വാഗതം🌹

ഇന്ന് ഗാനഗന്ധർവ്വൻ ദാസേട്ടന് ... എൺപതാം പിറന്നാൾ

സംഗീത സാഗരം ആ സംഗീത പ്രതിഭക്ക് ഒരായിരം ജൻമദിനാശംസകൾ നേർന്നു കൊണ്ട്... അദ് ദേഹത്തിന്റെ പാട്ടുകളിലൂടെ...💕

എല്ലാവരും കൂട്ടിച്ചേർക്കലുകൾ നടത്തണം. തിരൂർ മലയാളം അംഗങ്ങളോ രോരുത്തരുടെയും കയ്യിൽ ദാസേട്ടന്റെ കുറച്ച് ഗാനങ്ങളുടെയെങ്കിലും ശേഖരം ഉണ്ടാകണം....🙏🏻🙏🏻

ദാസേട്ടന് പിറന്നാൾ ആശംസകളോടെ
പാതിരാത്രിയിലെ യേശുദാസ് 
----------------------
 പാതിരാത്രി കഴിഞ്ഞു ഫോൺ‍ ശബ്ദിക്കുമ്പോൾ പേടിക്കണം .  ദൂരെയെങ്ങോ ഏറ്റവും വേണ്ടപ്പെട്ടവരിൽ ആരെങ്കിലും രോഗബാധിതരായി കഴിയുന്നുണ്ടെങ്കിൽ പ്രത്യേകിച്ചും .

ഉറക്കത്തിൽ നിന്ന് ഞെട്ടിയുണർന്ന് ഫോണെടുത്തത് അജ്ഞാതമായ ഒരു ഉൾഭയത്തോടെയാണ് . മൊബൈലിന്റെ ഡിസ്പ്ലേ സ്ക്രീനിൽ അപരിചിതമായ ഏതോ  നമ്പർ. വിദേശത്തു നിന്നാണെന്നു തോന്നുന്നു .  ആരെങ്കിലും നമ്പർ മാറി വിളിച്ചതാകുമോ? ഉറക്കച്ചടവോടെ തന്നെ കട്ടിലിൽ എഴുന്നേറ്റിരുന്നു ഹലോ പറഞ്ഞപ്പോൾ അപ്പുറത്ത് ഹൃദ്യമായ ഒരു ചിരി . ഒപ്പം ഒരു ചോദ്യവും : ``നീ ഉറങ്ങുകയായിരുന്നു ; അല്ലേ?''

ഉള്ളിലെ  ആശങ്കകൾ  മുഴുവൻ ഒറ്റയടിയ്ക്ക് അലിയിച്ചു കളയാൻ പോന്ന എന്തോ മാന്ത്രിക ശക്തിയുണ്ടായിരുന്നു ആ ശബ്ദത്തിന് . ഉറക്കം അതോടെ അതിന്റെ പാട്ടിനു പോയി . ഈശ്വരാ , ഇതാരാ ഈ സമയത്ത് ഇത്രയും പരിചിതനായ ഒരാൾ ? പേരു ചോദിക്കാൻ മടിച്ച്  നിശബ്ദനായി നിന്നപ്പോൾ , എന്റെ മനസ്സ് വായിച്ചിട്ടെന്നവണ്ണം വിളിക്കുന്നയാൾ പറഞ്ഞു : ``ദാസേട്ടനാണ്.''

തരിച്ചിരുന്നു പോയി ഒരു നിമിഷം; പിന്നെ സ്വയം പഴിച്ചു. പിറന്നു വീണ നാൾ  മുതൽ  കാതിൽ മുഴങ്ങിക്കൊണ്ടിരിക്കുന്ന  ശബദമല്ലേ തിരിച്ചറിയാതെ  പോയത്? മാപ്പർഹിക്കാത്ത കുറ്റം.  `` ഞാനിപ്പോൾ ദുബായിലാണ് ,'' യേശുദാസ് തുടരുന്നു . ``ഒരു സുഹൃത്തിന്റെ കാറിൽ താമസസ്ഥലത്തേക്ക് പോകുന്നു. ഡ്രൈവ്‌ ചെയ്യുന്ന പയ്യൻ സംസാരിക്കുന്നത് കേട്ടപ്പോൾ കൌതുകം തോന്നി . നിന്റെ അതേ ശബ്ദം . അതേ സംസാര ശൈലി . അതൊന്ന് വിളിച്ചു പറയാതിരിക്കുന്നത് ശരിയല്ലല്ലോ . ഇനി ഉറങ്ങിക്കോ ..നാളെ വിളിക്കാം .''

ഫോൺ  ഡിസ്കണക്റ്റ് ചെയ്യുന്ന ശബ്ദം .സുന്ദരമായ ഒരു സ്വപ്നം ഇടയ്ക്ക് വെച്ച് മുറിഞ്ഞ പോലെ തോന്നി എനിക്ക്. യേശുദാസിന്റെ ശബ്ദം ഓർമ്മയിൽ കൊണ്ടുനടക്കാത്ത ശ്രോതാക്കളുണ്ടാവില്ല മലയാളികളിൽ. ഇവിടെയിതാ ഒരു ശ്രോതാവിന്റെ ശബ്ദം യേശുദാസ് ഓർമ്മയിൽ സൂക്ഷിക്കുന്നു. ഇതിൽപ്പരം ഒരു ഭാഗ്യമുണ്ടാകുമോ ഗന്ധർവ നാദത്തിനൊപ്പം ചിരിച്ചും കരഞ്ഞും പ്രണയിച്ചും കിനാവു കണ്ടും വളർന്നുവന്ന ഒരു സാധാരണ സംഗീത പ്രേമിക്ക്‌ ? ഉറക്കം വരാതെ മലർന്നു കിടന്നു കുറെ നേരം . യേശുദാസ് ശബ്ദം നൽകിയ നൂറു നൂറു പാട്ടുകൾ വരിവരിയായി ചിന്തകളിൽ വന്നു നിറയുന്നു.

സ്വപ്നസദൃശമായ മറ്റൊരനുഭവത്തിലേക്ക് അറിയാതെ മടങ്ങിപ്പോയി മനസ്സ് -- കടൽ കടന്നെത്തിയ മറ്റൊരു ഫോണ്‍ കോളിലേക്ക്.   രണ്ടു  വർഷം മുൻപാണ്. ഒരു പരിശീലനവുമായി ബന്ധപ്പെട്ടു കോഴിക്കോടു  അളകാപുരിയിൽ മുറിയെടുത്തു താമസിക്കുന്ന കാലം . ഇതുപോലൊരു രാത്രി   സുഖസുഷുപ്തിയിലാണ്ടു കിടക്കെ മൊബൈൽ ശബ്ദിക്കുന്നു. അപ്പുറത്ത് പ്രഭാ യേശുദാസ്. മൂന്നു മണിക്ക് വിളിച്ചുണർത്തിയതിൽ ക്ഷമ ചോദിച്ചു കൊണ്ട് പ്രഭച്ചേച്ചി പറഞ്ഞു: `` ന്യൂയോർക്കിൽ നിന്നാണ് വിളിക്കുന്നത്‌.. ദാസേട്ടൻ ഇവിടെ ഒരു പരിപാടിയിൽ പാടിക്കൊണ്ടിരിക്കയാണ്. പെട്ടെന്ന് സദസ്സിൽ നിന്നൊരു റിക്വസ്റ്റ് വന്നു -   കടലിനക്കരെ പോണോരെ പാടണംന്ന് . നിർഭാഗ്യവശാൽ അതിന്റെ ലിറിക്സ് കയ്യിലില്ല. ആ പാട്ടിന്റെ ചരണത്തിലെ വരികൾ ഒന്ന് ഓർമ്മയിൽ നിന്ന് പറഞ്ഞു തരുമോ ? ഞാൻ ദാസേട്ടന് ഫോൺ കൊടുക്കാം ..''

  മിഥ്യയെയും  യാഥാർത്ഥ്യത്തെയും വേർതിരിക്കുന്ന നേർത്ത നൂൽപ്പാലത്തിലൂടെ സഞ്ചരിക്കുകയായിരുന്നു എന്റെ മനസ്സ് .   ``മോനേ നിനക്ക് ഓർമ്മയുണ്ടോ ചെമ്മീനിലെ ആ പാട്ട്?'' അപ്പുറത്ത് ഗന്ധർവശബ്ദം മുഴങ്ങുന്നു . ഉറക്കച്ചടവനിടിയിലും   ഓർമ്മയിൽ നിന്ന് പാട്ടിന്റെ വരികൾ ചൊല്ലിക്കൊടുത്തപ്പോൾ ദാസേട്ടൻ ചിരിച്ചുകൊണ്ട് ചോദിച്ചു : ``ഊണിലും ഉറക്കത്തിലും നിനക്ക് ഇത് തന്നെയാണ് ചിന്ത, അല്ലേ?  ഇവിടെ  വൈകീട്ടു ആറു മണിയാവാറായി . അവിടെ  വെളുപ്പാൻ കാലം  ആയിട്ടുണ്ടാകും. ഇനി സുഖമായി ഉറങ്ങിക്കോ. ഇപ്പോഴൊന്നും എഴുന്നേൽക്കണ്ട..'' യാത്ര പറഞ്ഞു സംഗീതലോകത്തേക്ക് മടങ്ങിപ്പോകുന്നു യേശുദാസ്.

 ഓർക്കുകയായിരുന്നു ഞാൻ-- ഈ ശബ്ദത്തിന്റെ ഉടമ  ഒരു സങ്കൽപം മാത്രമാണെന്ന് ധരിച്ചിരുന്ന കാലത്തെ കുറിച്ച് .  റേഡിയോയിലെ  ചലച്ചിത്രഗാന പരിപാടികളിലൂടെയും  ഉയരമുള്ള മരങ്ങളിലും മുളങ്കമ്പുകളിലും  വലിച്ചു കെട്ടിയ കോളാമ്പികളിലൂടെയും  കാറ്റിൽ ഒഴുകിയെത്തുന്ന ഒരു ശബ്ദം മാത്രമായിരുന്നു കുട്ടിക്കാലത്ത് എനിക്ക് യേശുദാസ്.  ഞങ്ങളുടെ എസ്റ്റേറ്റിലെ ഏറ്റവും ഉയർന്ന പ്രദേശമായ കാപ്പക്കുന്നിന്റെ മുകളിൽ കയറി നിന്നാൽ അങ്ങ് ദൂരെ ചെമ്പ്ര പീക്കിൽ തട്ടി ചിന്നി ചിതറി വരുന്ന  യേശുദാസിനെ കേൾക്കാം: സുഖമെവിടെ ദുഖമെവിടെ, സ്വർഗപുത്രീ നവരാത്രീ, മദം പൊട്ടി ചിരിക്കുന്ന മാനം...

  ചുണ്ടേൽ റോമൻ കാത്തലിക് എൽ പി സ്കൂളിലെക്കുള്ള രണ്ടു മൈൽ ദൂരം താണ്ടുന്നതിനിടെ മുതിർന്ന ക്ലാസിൽ പഠിക്കുന്ന അയൽക്കാരൻ കൂടിയായ ശ്രീനിവാസനിൽ നിന്നാണ്  ആ ``സത്യം'' ഞാൻ ആദ്യമായി അറിഞ്ഞത്: യേശുദാസ് ഒരു ശബ്ദമാണ്. അങ്ങനെയൊരു മനുഷ്യനില്ല. മാന്ത്രികനായ മാൻഡ്രേക്കിന്റെ കഥയിലെ വില്ലൻ കഥാപാത്രമായ ക്ലേക്യാമലിനെ പോലെ ഞൊടിയിടയിൽ വേഷം മാറി ഏതു രൂപത്തിലും വരും അത് - കാറ്റായി, മഴയായി, തവളയായി, പൂച്ചയായി .... നാടകീയമായ ആംഗ്യ വിക്ഷേപങ്ങളോടെ ശ്രീനു  പറഞ്ഞു തരുന്ന ഓരോ കഥയും കണ്ണുമടച്ചു വിശ്വസിച്ചിരുന്ന എനിക്ക് ഈ കഥ അവിശ്വസിക്കേണ്ട കാര്യമേ ഉണ്ടായിരുന്നില്ല...  ആയിടക്കൊരിക്കൽ കല്പറ്റയിൽ  നടക്കേണ്ടിയിരുന്ന ഒരു ഗാനമേളക്ക് യേശുദാസ് രാവേറെ വൈകിയിട്ടും എത്തിച്ചേർന്നില്ല എന്നു കൂടി കേട്ടപ്പോൾ തീർച്ചയായി :   ജീവിച്ചിരിപ്പില്ലാത്ത ഒരാൾ എങ്ങനെ പാടാൻ വരും ?

  യേശുദാസ് ഒരു സങ്കൽപ്പമല്ലെന്നു   മനസ്സിലാക്കിത്തന്നത് കോട്ടയത്ത് നിന്നിറങ്ങിയിരുന്ന സിനിമാ മാസികയാണ്.  ദാസ് സിനിമയിൽ എത്തിയതിന്റെ പത്താം വാർഷിത്തോടനുബന്ധിച്ചു പുറത്തിറക്കിയ  സ്പെഷൽ പതിപ്പിൽ, മീശയും താടിയുമില്ലാത്ത, എണ്ണമയമുള്ള മുടി `കുരുവിക്കൂട്' സഹിതം ഒതുക്കിവെച്ച ശുഭ്രവസ്ത്ര ധാരിയായ യേശുദാസിന്റെ രൂപം ആദ്യമായി   കണ്ടു. എന്നെങ്കിലും യേശുദാസിന്റെ ഗാനമേള നേരിൽ കാണണം എന്ന് മോഹിച്ചു തുടങ്ങിയതും അതോടെ തന്നെ.  ദേവഗിരി കോളേജിൽ പ്രീ ഡിഗ്രിക്ക് പഠിക്കുമ്പോൾ അതിനൊരു ശ്രമം നടത്തിനോക്കിയതാണ്--ഹോസ്റ്റലിലെ സഹമുറിയന്മാർക്കൊപ്പം. പക്ഷെ പാസില്ലാതെ വന്ന ഞങ്ങളെ ഗേറ്റിന് മുന്നിൽ  സെക്യൂരിറ്റിക്കാർ  തടഞ്ഞു. കരഞ്ഞു പറഞ്ഞിട്ടും ഗാലറിയിലേക്ക് കയറ്റി വിട്ടില്ല അവർ . നിരാശയോടെ തിരിച്ചു പോരുമ്പോൾ പരമ്പു കെട്ടി മറച്ച മതിലുകളിലെ വിടവുകൽക്കിടയിലൂടെ കാറ്റിൽ  ഇടയകന്യകെ എന്ന പാട്ട് ഒഴുകി വരുന്നുണ്ടായിരുന്നു ..  

 കാൽ നൂറ്റാണ്ടിനിടയ്ക്കു സിനിമ ഏറെ മാറി. സിനിമാ സംഗീതവും. ഇന്നും ഈ രംഗത്ത് കടന്നു വരുന്ന ഓരോ ന്യൂ ജനറേഷൻ സംഗീത സംവിധായകരും തന്റെ ഒരു പാട്ടെങ്കിലും എഴുപതു പിന്നിട്ട യേശുദാസ് പാടണം  എന്ന് മോഹിക്കുന്നു . അദ്ദേഹത്തിന് മാത്രം പാടാൻ കഴിയുന്ന  പാട്ടൊരുക്കി കാത്തിരിക്കുന്നു. എന്താണ് ഈ ആഗ്രഹത്തിന്റെ പൊരുൾ എന്ന് ഏറ്റവും പുതിയ തലമുറയിലെ ഒരു സംഗീത സംവിധായകനോട് ചോദിച്ചു നോക്കിയിട്ടുണ്ട്. അയാൾ പറഞ്ഞു: ``കാലമേറെ  കഴിഞ്ഞു വൃദ്ധനായി   ചെറുപ്പത്തിലെ വീര വാദങ്ങളൊക്കെ അയവിറക്കി ഒരു ഭാഗത്ത്‌ അടങ്ങിയിരിക്കുമ്പോൾ പേരക്കുട്ടികളിൽ ആരെങ്കിലും ചോദിച്ചെന്നിരിക്കും -- അപ്പൂപ്പാ, യേശുദാസ് അപ്പൂപ്പന് വേണ്ടി പാട്ടൊന്നും പാടിയിട്ടില്ലേ എന്ന്.  നമ്മുടെ സംഗീത ചരിത്രത്തിൽ ഇനി മറ്റൊരു ലജണ്ട് ഉണ്ടാവില്ലല്ലോ. ''  നിഗൂഡമായ വേറൊരു ആഗ്രഹം കൂടി പങ്കുവച്ചു ആ സംഗീത സംവിധയകാൻ: ``എനിക്കദ്ദേഹം പാട്ട് പാടി റെക്കോർഡ്‌ ചെയ്യുന്നതൊന്നു നേരിൽ കാണണം. അത് കാണാൻ അച്ഛനെയും അമ്മയെയും അമ്മമ്മയെയും ഒപ്പം കൂട്ടണം. അവരുടെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമാണത്.''
-- രവിമേനോൻ (പൂർണേന്ദുമുഖി)

അംഗീകാരം ആദരം  Yesudas @ 80

അഞ്ചു പതിറ്റാണ്ട് കാലം മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി, കന്നട, തെലുങ്ക്, ബംഗാളി, ഗുജറാത്തി, ഒറിയ, മറാത്തി, പഞ്ചാബി, സംസ്കൃതം, തുളു, മലയ്, റഷ്യൻ അറബി, ലാറ്റിൻ, ഇഗഗ്ലീഷ് എന്നീ ഭാഷകളിൽ പാടി.

അവാർഡുകൾ

ദേശീയ അവാർഡ് ഏഴു തവണ
1972: മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു (അച്ഛനും ബാപ്പയും)
1973: പത്മതീർഥമേ ഉണരൂ (ഗായത്രി)
1976: ഗോരി തേരി ഗാവ് (ചിത്ചോർ-ഹിന്ദി)
1982: ആകാശ ദേശന (മേഘസന്ദേശം-തെലുങ്ക്)
1987: ഉണ്ണികളെ ഒരു കഥ പറയാം (ഉണ്ണികളെ ഒരു കഥ പറയാം)
1991: രാമകഥാ ഗാനലയം (ഭരതം)
1993: സോപാനത്തിലെ ഗാനങ്ങൾ

സംസ്ഥാന അവാർഡ്
കേരളം, കർണാടക, തമിഴ്നാട്, ആന്ധ്രപ്രദേശ്, പശ്ചിമ ബംഗാൾ സംസ്ഥാന അവാർഡുകൾ 43 തവണ.

മലയാളം
1969: വിവിധ സിനിമകൾ
1970: വിവിധ സിനിമകൾ
1971: വിവിധ സിനിമകൾ
1973: വിവിധ സിനിമകൾ
1974: വിവിധ സിനിമകൾ
1975: വിവിധ സിനിമകൾ
1976: വിവിധ സിനിമകൾ
1977: ശങ്കരദിഗ്വിജയം, നീലജലാശത്തിൽ (ജഗദ്ഗുരു ആദിശങ്കരാചാര്യർ, അംഗീകാരം).
1979: കൃഷ്ണതുളസി കതിരുകൾ (ഉൾക്കടൽ)
1980: മനസ്സൊരു മാന്ത്രിക, മിഴിയോരം, പാവാട വേണം (മേള, മഞ്ഞിൽ വിരിഞ്ഞ പൂക്കൾ, അങ്ങാടി)
1981: വിവിധ സിനിമകൾ
1982: വിവിധ സിനിമകൾ
1983: വിവിധ സിനിമകൾ
1984: ഈ മരുഭൂവിൽ (സ്വന്തം ശാരിക)
1985: വാചാലമായ മൗനം, അനുരാഗിണി ഇതാ (അമ്പട ഞാനെ, ഒരു കുടക്കീഴിൽ)
1986: ആരെയും ഭാവഗായകനാക്കും (നഖക്ഷതങ്ങൾ)
1993: രാപ്പാടി കേഴുന്നുവോ, ചന്ദ്രകാന്തം കൊണ്ട്, മധുരം ജീവാമൃത ബിന്ദു ( ആകാശദൂത്, പാഥേയം, ചെങ്കോൽ)
1994: സാമജസഞ്ചാരിണി (പരിണയം)
1995: മേലെ മേലെ മാനം, ആത്മാവിൻ പുസ്തകത്താളിൽ, ജപമായ് വേദസാദകമായ് (നമ്പർ വൺ സ്നേഹതീരം ബാംഗ്ലൂർ നോർത്ത്, മഴയെത്തും നേരത്ത്, പുന്നാരം)
1996: കളിവീടുറങ്ങിയല്ലോ, പാർവി മനോഹരീ (ദേശാടനം, തൂവൽക്കൊട്ടാരം).
1997: ഹരിമുരളീരവം (ആറാം തമ്പുരാൻ)
1998: ഏതോ നിദ്രതൻ ( അയാൾ കഥയെഴുതുകയാണ്)
2001: ആകാശ ദീപങ്ങൾ സാക്ഷി (രാവണപ്രഭു)
2009: സ്വന്തം സ്വന്തം (മധ്യവേനൽ)

കന്നട
1986: മലയ മാരുതയിലെ എല്ലാ ഗാനങ്ങളും
1990: നമ്മുര യുവറാണി (രാമചാരി)
1995: യാരിഗെ ബേക്കു ഈ ലോക (സിപ്പായി)

തമിഴ്
അൻഡമാൻ കദളി, മധുരൈ മീട്ടിയ സുന്ദരപാണ്ട്യൻ എന്നിവയിലെ ഗാനങ്ങൾ
മൂന്നാംപിറയിലെ ഗാനങ്ങൾ
വിവിധ സിനമകൾ
ന്യായതരശ്ശുവിലെ ഗാനങ്ങൾ
അമ്മാ എൻട്രഴൈകാത (മന്നൻ)

തെലുങ്ക്
1982: സിഗളോ (മേഘസന്ദേശം)
1988: ജീവനജ്യോതി
1990: മുഡ്ഡബന്ദി നുവ്വുലോ (അല്ലുഡുഗരു)
2006: വെള്ളിപൊതുന്നാവ (ഗംഗ)

മറ്റ് പ്രധാന അവാർഡുകൾ
2012: ഹരിവരാസം അവാർഡ്-
2012: ലിംക ഇന്റർനാഷണലിന്റെ മാൻ ഓഫ് ദി ഇയർ അവാർഡ്
2011സി. എൻ. എൻ. ഐ.ബി. എന്നിന്റെ ലൈഫ് ടൈം അച്ചീവ്വെന്റ് പുരസ്കാരം-
2010: കേരള സംഗീത നാടക അക്കാദമി അവാർഡ്
2009: ഫിലിം ഫെയർ അവാർഡ്
2008: സത്യൻ സ്മാരക അവാർഡ്
2006: ഉദയ്ശങ്കർ സ്മാരക അവാർഡ്
2005: വിസ്ഡം അന്താരാഷ്ട്ര അവാർഡ്

മറ്റ് ബഹുമതികൾ
1968: മഹാകവി ജി. ശങ്കരക്കുറുപ്പ് ഗാനഗന്ധർവൻ എന്ന പട്ടം നൽകി
1977: പത്മശ്രീ
2002: പത്മഭൂഷൻ
2009: എം.ജി. സർവകലാശാലയുടെ ഡോക്ടറേറ്റ്
1989: അണ്ണാമലൈ സർവകലാശാലയുടെ ഡോക്ടറേറ്റ്
2009: ഇന്റർനാഷണൽ പാർലമെന്റ് ഫോർ സേഫ്റ്റി ആൻഡ് പീസൽ സെനറ്റംഗമായി
1999: യുണെസ്ക്കോയുടെ പ്രത്യേക പുരസ്കാരം
1986: കലൈമാമണി പുരസ്കാരം
1993: മധ്യപ്രദേശ് സർക്കാരിന്റെ ലതാ മങ്കേഷ്കർ പുരസ്കാരം
1994: നാഷണൽ സിറ്റിസൻസ് അവാർഡ് മദർ തെരേസയിൽ നിന്ന് ഏറ്റുവാങ്ങി
2008: വാൻകൂവർ സിംഫണി ഓർക്കസ്ട്രയിൽ അംഗത്വം
2002: ഇന്ത്യൻ ഫൈൻ ആർട്സ് സൊസൈറ്റിയുടെ സംഗീത കലാസിഗാമണി അവാർഡ്
2002: രഞ്ജിനി സംഗീത കലാരത്ന പുരസ്കാരം
2002: സപ്തഗിരി സംഗീത വിദ്വാൻമണി പുരസ്കാരം
2002: ഉഡുപ്പി അസ്ഥാന വിദ്വാൻ ബഹുമതി
2002: ചെന്നൈ മലയാളി ക്ലബിന്റെ സ്വാതി രത്നം പുരസ്കാരം
2002: സംഗീത കലാസുധാകര പുരസ്കാരം
2003: ജെ.സി. ഡാനിയൽ അവാർഡ്
2004: ഫിലിംഫെയറിന്റെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്
2005: വിസ്ഡം ഇന്റർനാഷണൽ അവാർഡ്

ചില ഗാനങ്ങളിലൂടെ..
സിനിമ: ഗായത്രി
രചന വയലാർ
സംഗീതം ജി ദേവരാജൻ
പാടിയത് യേശുദാസ്
〰〰〰〰🎻🏵〰〰〰〰〰〰🎻🏵

ഓം തത് സവിതുര്‍വരേണ്യം
ഭര്‍ഗോദേവസ്യ ധീമഹി
ധീയോ യോ ന പ്രചോദയ:
ഓം തത് സവിതുര്‍വരേണ്യം

പദ്മതീര്‍ഥമേ ഉണരൂ മാനസ
പദ്മതീര്‍ഥമേ ഉണരൂ
അഗ്നിരഥത്തിലുദിയ്ക്കുമുഷസ്സി-
ന്നര്‍ഘ്യം നല്‍കൂ
ഗന്ധര്‍വ സ്വരഗംഗയൊഴുക്കൂ
ഗായത്രികള്‍ പാടൂ

ഓം തത് സവിതുര്‍വരേണ്യം
ഭര്‍ഗോദേവസ്യ ധീമഹി
ധീയോ യോ ന പ്രചോദയ:
ഓം തത് സവിതുര്‍വരേണ്യം

പ്രഭാതകിരണം നെറ്റിയിലണിയും
പ്രാസാദങ്ങള്‍ക്കുള്ളില്‍
സഹസ്രനാമം കേട്ടുമയങ്ങും സാളഗ്രാമങ്ങള്‍
അടിമ കിടത്തിയ ഭാരതപൌരന്നുണരാന്‍
പുതിയൊരു പുരുഷാര്‍ഥത്തിനെ യാഗ-
പ്പുരകളില്‍ വച്ചു വളര്‍ത്താന്‍
(പദ്മതീര്‍ഥമേ...)

പ്രപഞ്ചസത്യം ചിതയില്‍ കരിയും
ബ്രഹ്മസ്വങ്ങള്‍ക്കുള്ളില്‍
ദ്രവിച്ച പൂണൂല്‍ ചുറ്റി മരിയ്ക്കും
ധര്‍മ്മാധര്‍മ്മങ്ങള്‍
ചിറകു മുറിച്ചൊരു ഭാരതജീവിതമുണരാന്‍
പ്രകൃതിച്ചുമരുകളോളം സര്‍ഗ്ഗ-
പ്രതിഭ പറന്നു നടക്കാന്‍
പദ്മതീര്‍ഥമേ ഉണരൂ.....

ഓം തത് സവിതുര്‍വരേണ്യം
ഭര്‍ഗോദേവസ്യ ധീമഹി
ധീയോ യോ ന പ്രചോദയ:
ഓം തത് സവിതുര്‍വരേണ്യം
〰〰〰〰〰❤〰🎻〰〰🎻♥〰〰〰〰〰〰〰〰🎻🎻

🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁
ഈ ജീവിതമൊരു പാരാവാരം
🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁
സംഗീതം : കെ ജെ ജോയ്
വരികൾ : മങ്കൊമ്പ് ഗോപാലകൃഷ്ണൻ
ആലാപനം : കെ ജെ യേശുദാസ്
ചലച്ചിത്രം : ഇവനെന്റെ പ്രിയപുത്രൻ
🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁

ഈ  ജീവിതമൊരു പാരാവാരം
എന്തെന്തപാരം
അലറും തിരമാലകൾ
അടിയിൽ വൻ ചുഴികൾ
തിരമുറിച്ചെന്നും മറുതീരം തേടി
തുഴയുന്നു ഞാനേകനായ്
ഈ വിശ്വതലത്തിലെ സമരാങ്കണത്തിലെ
അതിധീര യോദ്ധാക്കൾ നമ്മളെല്ലാം
ഒരു യുദ്ധസമയം അടുക്കുമ്പോൾ പലരും
ഒളിക്കാം പടവെട്ടി മരിച്ചു പോകാം (2)
പ്രതിബന്ധമെല്ലാം (2)
എനിക്കാത്മശക്തി പൊരുതുന്നു ഞാനേകനായ് (ഈ ജീവിതമൊരു...)
അതിശക്ത കല്പാന്ത പ്രളയം കഴിഞ്ഞുള്ള
മൃതഭൂമി പോലെയീ മനുഷ്യ ജന്മം
സ്വാർഥമോഹങ്ങൾ തൻ
പ്രേതാലയങ്ങൾ
മാത്രമാണിവിടുത്തെ കാഴ്ചയെല്ലാം (2)
ഒരു രാഗവർണ്ണം (2)
മണ്ണിൽ രചിക്കാൻ പണിയുന്നു ഞാനേകനായ് (ഈ ജീവിതമൊരു...)
🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁

എന്റെ മനോരഥത്തിലെ ഏഴു വർണ്ണ തലങ്ങളിൽ
💧💧💧💧💧💧💧💧💧💧💧💧💧
സംഗീതം : വി ദക്ഷിണാമൂർത്തി
വരികൾ : മങ്കൊമ്പ് ഗോപാലകൃഷ്ണൻ
ആലാപനം : കെ ജെ യേശുദാസ്
ചലച്ചിത്രം : പ്രാർത്ഥന
💧💧💧💧💧💧💧💧💧💧💧💧💧
എന്റെ മനോരഥത്തിലെ ഏഴു വര്‍ണ്ണ തലങ്ങളില്‍
എങ്ങനെയെന്നറിയില്ലൊരു മധുര വേദന
നിര്‍വചനാതീതമായ് സുഖകരമായൊരാ
നൊമ്പരത്തിന്‍ മരുന്നു തേടുന്നു ഞാന്‍
(എന്റെ മനോരഥത്തിലെ...)
ഏകാന്തതയിലെന്‍ സ്വസ്ഥത നീക്കിടുമെന്‍
ചേതന തന്‍ വേദനകള്‍ കുളിരുണര്‍ത്തുമ്പോള്‍
തൊട്ടതെല്ലാം സിദ്ധികളുള്ള നിന്‍
സിദ്ധൌഷധസ്പര്‍ശനത്താല്‍ സുഖപ്പെടുത്തു
എന്നെ സുഖപ്പെടുത്തു.....
(എന്റെ മനോരഥത്തിലെ...)
എത്രശരല്‍ക്കാലമായ് എത്ര വസന്തങ്ങളായ്
എത്രയെത്ര ഹേമന്ത സന്ധ്യകളായ്
ബന്ധുരയാം വസുന്ധരേ നിന്റെ കരപല്ലവത്തിന്‍
ഇന്ദ്രജാലപരിചരണം കൊതിക്കുന്നു ഞാന്‍
(എന്റെ മനോരഥത്തിലെ...)
💧💧💧💧💧💧💧💧💧💧💧💧💧
🎋🎋🎋🎋🎋🎋🎋🎋🎋🎋🎋🎋🎋
കാറും കറുത്തവാവും
🎋🎋🎋🎋🎋🎋🎋🎋🎋🎋🎋🎋🎋
സംഗീതം : കെ വി മഹാദേവൻ
വരികൾ : മങ്കൊമ്പ് ഗോപാലകൃഷ്ണൻ
ആലാപനം : കെ ജെ യേശുദാസ്
ചലച്ചിത്രം : പത്മതീർത്ഥം
🎋🎋🎋🎋🎋🎋🎋🎋🎋🎋🎋🎋🎋

ആ...
കാറും കറുത്തവാവും മാറിമാറി മഷിതേയ്ക്കും
കര്‍ക്കിടക രാത്രിയിലെ കാറ്റേ കാറ്റേ..
കാറും കറുത്തവാവും മാറിമാറി മഷിതേയ്ക്കും
കര്‍ക്കിടക രാത്രിയിലെ കാറ്റേ കാറ്റേ
എന്തിനെന്‍ ജീവന്റെ വള്ളിക്കുടിലിലെ
മണ്‍വിളക്കും നീയൂതിക്കെടുത്തീ
എന്തിനെന്‍ ജീവന്റെ വള്ളിക്കുടിലിലെ
മണ്‍വിളക്കും നീയൂതിക്കെടുത്തീ
മണ്‍വിളക്കും നീയൂതിക്കെടുത്തീ
കാറും കറുത്തവാവും മാറിമാറി മഷിതേയ്ക്കും
കര്‍ക്കിടക രാത്രിയിലെ കാറ്റേ കാറ്റേ
കാലപ്രവാഹത്തിലൊഴുകി നടക്കുന്ന
കരിയിലത്തോണികള്‍ മനുഷ്യര്‍
നീന്തുന്നു സ്വയമെന്നു തോന്നുന്നു
വിധിയുടെ നീരൊഴുക്കെന്നും നമ്മെ നിയന്ത്രിയ്ക്കുന്നു
കാറും കറുത്തവാവും മാറിമാറി മഷിതേയ്ക്കും
കര്‍ക്കിടക രാത്രിയിലെ കാറ്റേ കാറ്റേ
അഭിശപ്തജന്മമായ് അംഗവൈകല്യത്തിൽ
അശുഭദര്‍ശ്ശനരായ് നാം പിറന്നു
പൂജയ്ക്കെടുക്കാത്ത പൂക്കളെപ്പോൽ
നമ്മള്‍ ജീവിതക്ഷേത്രത്തിന്‍ പുറത്തു തന്നെ
എന്നും ഏകാന്തദുഃഖത്തിന്‍ നടുവില്‍ തന്നെ
കാറും കറുത്തവാവും മാറിമാറി മഷിതേയ്ക്കും
കര്‍ക്കിടക രാത്രിയിലെ കാറ്റേ കാറ്റേ
🎋🎋🎋🎋🎋🎋🎋🎋🎋🎋🎋🎋🎋

🍃🍂🍃🍂🍃🍂🍃🍂🍃🍂🍃🍂🍃
നാടൻപാട്ടിന്റെ മടിശ്ശീല
🍃🍂🍃🍂🍃🍂🍃🍂🍃🍂🍃🍂🍃
സംഗീതം : എം എസ് വിശ്വനാഥൻ
വരികൾ : മങ്കൊമ്പ് ഗോപാലകൃഷ്ണൻ
ആലാപനം : കെ ജെ യേശുദാസ്
ചലച്ചിത്രം : ബാബുമോൻ
🍃🍂🍃🍂🍃🍂🍃🍂🍃🍂🍃🍂🍃

നാടൻപാട്ടിന്റെ മടിശ്ശീല കിലുങ്ങുമീ
നാട്ടിൻപുറമൊരു യുവതി
നാടൻപാട്ടിന്റെ മടിശ്ശീല കിലുങ്ങുമീ
നാട്ടിൻപുറമൊരു യുവതി
അവളുടെ പ്രിയസഖി എനിക്കു നീയൊരു
നവവധു നമുക്കെന്നും മധുവിധു
അവളുടെ പ്രിയസഖി എനിക്കു നീയൊരു
നവവധു നമുക്കെന്നും മധുവിധു
നാടൻപാട്ടിന്റെ മടിശ്ശീല കിലുങ്ങുമീ
നാട്ടിൻപുറമൊരു യുവതി
കാച്ചെണ്ണതേച്ച നിൻ കാർക്കൂന്തളത്തിന്റെ
കാറ്റേറ്റാൽ പോലുമെനിക്കുന്മാദം ഉള്ളിലുന്മാദം..
കാച്ചെണ്ണതേച്ച നിൻ കാർക്കൂന്തളത്തിന്റെ
കാറ്റേറ്റാൽ പോലുമെനിക്കുന്മാദം ഉള്ളിലുന്മാദം
തുള്ളി തുളുമ്പും നിൻ യൗവനാംഗങ്ങളിൽ
നുള്ളി നോവിക്കാനാവേശം..
തുള്ളി തുളുമ്പും നിൻ യൗവനാംഗങ്ങളിൽ
നുള്ളി നോവിക്കാനാവേശം..
എനിക്കാവേശം.. എനിക്കാവേശം..
നാടൻപാട്ടിന്റെ മടിശ്ശീല കിലുങ്ങുമീ
നാട്ടിൻപുറമൊരു യുവതി
ഓർക്കാതെ ചിരിക്കും ചിലമ്പുമുത്തേ നിന്റെ
ഓട്ടുവളത്താമര കൈകളാലേ കൈകളാലേ..
ഓർക്കാതെ ചിരിക്കും ചിലമ്പുമുത്തേ നിന്റെ
ഓട്ടുവളത്താമര കൈകളാലേ കൈകളാലേ..
ഒരുനൂറു സ്വപ്നലത പടരും നിൻ മനസ്സിലെ
തളിർവെറ്റിലനൂറു തേച്ചുതരൂ..
ഒരുനൂറു സ്വപ്നലത പടരും നിൻ മനസ്സിലെ
തളിർവെറ്റിലനൂറു തേച്ചുതരൂ..
തളിർവെറ്റിലനൂറു തേച്ചുതരൂ...
നാടൻപാട്ടിന്റെ മടിശ്ശീല കിലുങ്ങുമീ
നാട്ടിൻപുറമൊരു യുവതി
അവളുടെ പ്രിയസഖി എനിക്കു നീയൊരു
നവവധു നമുക്കെന്നും മധുവിധു
🍃🍂🍃🍂🍃🍂🍃🍂🍃🍂🍃🍂🍃

https://youtu.be/fKHF6EdpmBs





ശ്രീകുമാരൻ തമ്പി, v. ദക്ഷിണമൂർത്തി, ആലാപനം, അഭിനയം :യേശുദാസ് . ചിത്രം :പാതിരാസൂര്യൻ.

യേശുദാസ് എനിക്ക് ആരായിരുന്നു; ദേവരാജന്‍ മാസ്റ്റര്‍ അന്നേ തുറന്നെഴുതി
തൈക്കാട് ഗസ്റ്റ് ഹൗസിൽവെച്ച് ആത്മകഥാംശമുള്ള കുറെ ഓർമക്കുറിപ്പുകൾ അടങ്ങിയ ഫയൽ കൈയിൽ ഏൽപ്പിക്കവേ മാസ്റ്റർ ഇത്രയേ പറഞ്ഞുള്ളു: ''കൊള്ളാമെങ്കിൽ ഇത് പ്രസിദ്ധീകരിക്കാം, കൊള്ളില്ലെങ്കിൽ ഉപേക്ഷിക്കാം. പക്ഷേ വായിച്ചുനോക്കാതിരിക്കരുത്.'' രവിമേനോൻ ഓർക്കുന്നു. സ്വന്തം കൈപ്പടയിൽ എഴുതിയവ മാത്രമല്ല പറഞ്ഞുകൊടുത്ത് എഴുതിച്ചശേഷം മാസ്റ്റർതന്നെ വേണ്ട തിരുത്തലുകൾ വരുത്തിയ കുറിപ്പുകളും ഉണ്ടായിരുന്നു അക്കൂട്ടത്തിൽ. യേശുദാസിന് പുറമേ വയലാർ, പി. ലീല, ബഹദൂർ, ഒ.എൻ.വി. തുടങ്ങി അസംഖ്യം പ്രതിഭകളെക്കുറിച്ചുള്ള വികാരഭരിതമായ ഓർമകൾ നിറഞ്ഞുതുളുമ്പുന്നു അവയിൽ. പല കുറിപ്പുകളും നേരത്തെ പ്രസിദ്ധീകരിച്ചുവന്നിട്ടുണ്ടെങ്കിലും യേശുദാസിനെക്കുറിച്ചുള്ള ഈ ലേഖനം പൂർണമായി അച്ചടിച്ചുവരുന്നത് ആദ്യമായാണ്.

ഭാര്യ, കടലമ്മ എന്നീ ചിത്രങ്ങളിലെ ഗാനങ്ങൾ റെക്കോഡ് ചെയ്യാൻ ചാക്കോച്ചനും (കുഞ്ചാക്കോ) വയലാറും ഞാനും മദ്രാസിൽ എത്തി ഹോട്ടൽ ഇന്ത്യയിൽ താമസിക്കുന്ന ദിവസങ്ങൾ. ഒരു ചിത്രത്തിലെ എല്ലാ ഗാനങ്ങൾക്കും ഈണം നൽകിയ ശേഷം ആ ഗാനങ്ങളെല്ലാം വയലാർ രണ്ടു ബുക്കുകളിലായി എഴുതി ചാക്കോച്ചനെ ഏൽപ്പിക്കുമായിരുന്നു. അത് ആരൊക്കെ പാടണം എന്ന് ഞങ്ങളുമായി ആലോചിച്ച ശേഷം തീരുമാനിച്ച് അതത് ഗാനങ്ങളുടെ മുകളിൽ അദ്ദേഹം തന്നെ എഴുതി അതിലൊരു ബുക്ക് എനിക്ക് തരും.

അന്നത്തെ പുരുഷ ശബ്ദങ്ങൾ എ.എം. രാജ, പി.ബി. ശ്രീനിവാസ്, കമുകറ പുരുഷോത്തമൻ, ഉദയഭാനു മുതലായവരുടേതാണ്. അങ്ങനെ 'ഭാര്യ'യുടെയും 'കടലമ്മ'യുടെയും ഗാനപുസ്തകം എന്നെ ഏൽപ്പിച്ചതിൽ രാജ, ശ്രീനിവാസ്, സുശീല, ജാനകി, ജിക്കി എന്നിവരുടെ പേര് മാത്രമേ ഉണ്ടായിരുന്നുള്ളൂ. പിന്നീട് 'ഭാര്യ'യിലെ പുതുതായി ചേർത്ത രണ്ട് സന്ദർഭങ്ങൾക്കു കൂടി പാട്ടുണ്ടാക്കേണ്ടതായി വന്നു. ആ ജോലി നടന്നുകൊണ്ടിരിക്കേ ഒരു ദിവസം വയലാർ, അരക്കയ്യൻ ഷർട്ടിട്ട ഒരു മെലിഞ്ഞ പയ്യനെ എന്റെ മുറിയിലേക്ക് കൂട്ടിക്കൊണ്ടുവന്ന് പരിചയപ്പെടുത്തി. ''ഇത് യേശുദാസ്, അഗസ്റ്റിൻ ജോസഫിന്റെ മകൻ. നന്നായി പാടും. ഇയാൾക്ക് ഒരു പാട്ട് കൊടുക്കാൻ ശ്രമിക്കണം.''

യേശുദാസിനെ ആദ്യമായി ചലച്ചിത്രഗാനരംഗത്ത് അവതരിപ്പിച്ചത് എം.ബി. ശ്രീനിവാസൻ ആണ് - 'കാൽപ്പാടു'കളിൽ. ആ കഥ അതിനുവേണ്ടി മുൻകൈയെടുത്ത ആ ചിത്രത്തിന്റെ സംവിധായകൻ കെ.എസ്. ആന്റണി എന്നോട് പറഞ്ഞിട്ടുള്ളതാണ്. രസകരമായ കഥയായതുകൊണ്ട് അത് മറ്റൊരവസരത്തിൽ പറയാം. അതിന്റെ വിശദാംശങ്ങൾ യേശുദാസിനുപോലും അറിഞ്ഞുകൂടാത്തതാണ്. 'കാൽപ്പാടുകൾ' പ്രദർശനത്തിനെത്തുംമുൻപ് യേശുദാസ് പാടിയ 'ശ്രീകോവിൽ' എന്ന ചിത്രം പുറത്തിറങ്ങി. (സംഗീതം ദക്ഷിണാമൂർത്തി). പിന്നെ 'കണ്ണും കരളും' എന്ന ചിത്രത്തിൽ എം.ബി. ശ്രീനിവാസനുവേണ്ടി പാടി. ഈ അവസരത്തിലാണ് യേശുദാസ് എന്നെ സമീപിക്കുന്നത്.

ഞാനും വയലാറും കൂടി യേശുദാസിനെ ചാക്കോച്ചന്റെ അരികിൽ കൂട്ടിക്കൊണ്ടുപോയി പരിചയപ്പെടുത്തി. മുൻപ് അഗസ്റ്റിൻ ജോസഫ് ആലപ്പുഴവെച്ച് തന്നെ പരിചയപ്പെടുത്തിയ വിവരം ചാക്കോച്ചൻ പറഞ്ഞു. യേശുദാസിനെ പറഞ്ഞയച്ചതിനു ശേഷം ''നിങ്ങളുടെ നിർദേശം സ്വീകരിക്കാൻ നിവൃത്തിയില്ല'' എന്ന് ചാക്കോച്ചൻ ഞങ്ങളെ അറിയിച്ചു. ഞങ്ങൾ അടവൊന്ന് മാറ്റിച്ചവിട്ടി. യേശുദാസ് നല്ല അസ്സല് കത്തോലിക്കാ ക്രിസ്ത്യാനിയാണെന്ന് ഓർമിപ്പിച്ചു നോക്കി. ആ ചൂണ്ടയിലും അദ്ദേഹം കൊത്തിയില്ല. പാട്ടുകളുടെ റെക്കോഡിങ് ഓരോന്നായി നടന്നുകൊണ്ടിരിക്കുകയായിരുന്നു. അതിനോടൊപ്പം യേശുദാസിനെ പാടിക്കാൻ വേണ്ടിയുള്ള ഞങ്ങളുടെ തുടരെയുള്ള നിർബന്ധവും കൂടിക്കൊണ്ടിരുന്നു. അതിനിടയിൽ നേരത്തെ സൂചിപ്പിച്ചതിൽ ഒരു സന്ദർഭത്തിനു വേണ്ടി 'പഞ്ചാരപ്പാല് മിഠായി' എന്ന ഗാനം എഴുതുകയും ട്യൂൺ ചെയ്യുകയും ചെയ്തു. അത് അച്ഛൻ, അമ്മ, കുഞ്ഞ് എന്നീ മൂന്ന് കഥാപാത്രങ്ങൾക്ക് വേണ്ടിയുള്ളതായിരുന്നു. അമ്മയുടെയും മകളുടെയും ഭാഗത്തിന് പി. ലീലയും രേണുകയും നിശ്ചയിക്കപ്പെട്ടു. ''ബാക്കി രണ്ടു വരിയല്ലേ ഉള്ളൂ, അതിന് നമുക്ക് യേശുദാസിനെ വയ്ക്കുന്നതിൽ തെറ്റില്ലല്ലോ'' എന്ന് പറഞ്ഞപ്പോൾ ചാക്കോച്ചൻ സമ്മതിച്ചു.

അങ്ങനെ 'പഞ്ചാരപ്പാല് മിഠായി' യേശുദാസ് എനിക്കുവേണ്ടി ആലപിക്കുന്ന ആദ്യ ഗാനമായി. ഗാനം കേട്ടതോടെ ചാക്കോച്ചന് ഒരു തൃപ്തിയുടെ ഭാവം ഉണ്ടായതായി ഞങ്ങൾക്ക് തോന്നി. അടുത്ത ഗാനം കൂടി ഞങ്ങൾ ശുപാർശ ചെയ്തു. ആ ഗാനമാണ് 'ദയാപരനായ കർത്താവേ'. അതും കഴിഞ്ഞാണ് 'കടലമ്മ'യിലെ 'ജലദേവതമാരെ' എന്ന ഗാനവും യേശുദാസ് പാടുവാൻ അദ്ദേഹം സമ്മതിച്ചത്. പിറകേ 'കണ്ണുനീർ മുത്തുമായ്', 'കറുത്ത പെണ്ണേ' എന്നീ ഗാനങ്ങൾ വന്നു. ഈ പാട്ടുകളെല്ലാം പ്രശസ്തമായതോടെ യേശുദാസ് നല്ലൊരു ഗായകനായി പരക്കെ അംഗീകരിക്കപ്പെട്ടു. പിന്നീട് ഉദയാചിത്രങ്ങളിൽ എല്ലാം യേശുദാസിനെ പ്രധാന ഗായകനായി ഉൾപ്പെടുത്താനും യേശുദാസിനു വേണ്ടി കാത്തിരിക്കാനും ചാക്കോച്ചന് മടിയില്ലാതായി. അതിനുശേഷം എനിക്കും തിരക്കേറി. ഇടയ്ക്കിടെ യേശുദാസ് എന്നെ വന്ന് കണ്ടിരുന്നതുകൊണ്ടും ശബ്ദം നന്നായിരുന്നതു കൊണ്ടും, എന്റെ അനുജനെപോലെ പ്രത്യേക വാത്സല്യം എനിക്ക് അയാളോട് ഉണ്ടായിരുന്നതുകൊണ്ടും എല്ലാ ചിത്രങ്ങളിലും യേശുദാസിനെ ഉൾപ്പെടുത്താൻ ഞാൻ താത്പര്യമെടുത്തു.

നോക്കിനിന്ന 'പ്രഭ'
യേശുദാസും പ്രഭയും വിവാഹദിനത്തിൽ

മറ്റൊരു നല്ല കാര്യംകൂടി ഓർമിപ്പിക്കാം. 'പഠിച്ച കള്ള'നിലെ 'താണ നിലത്തേ നീരോടൂ' എന്ന ഗാനം അരുണാചലം സ്റ്റുഡിയോയിൽ റെക്കോഡ് ചെയ്യുന്ന ദിവസം മദ്രാസിൽ 'സ്റ്റെല്ലാ മേരീസ്' എന്ന പെൺകുട്ടികളുടെ കലാശാലയിൽ പഠിക്കുന്ന ഒരു പെൺകുട്ടി റെക്കോഡിങ് കേൾക്കാൻ വന്നിരുന്നു. ആ സമയത്തൊക്കെ പാട്ടുകൾ നേരത്തെ -തലേ ദിവസം- തന്നെ പഠിക്കുന്ന ഒരു പതിവുണ്ട്. റെക്കോഡിങ് ദിവസം ആ ഗാനം ഒന്നുകൂടി പഠിച്ചിട്ട് മാത്രമേ മൈക്രോഫോണിന്റെ അടുത്തേക്ക് പോകൂ. ഈ പ്രത്യേക ദിവസം യേശുദാസ് പാട്ടും പഠിച്ചിട്ട് പോകുമ്പോൾ ആ പെൺകുട്ടി എഴുന്നേറ്റുനിന്ന് വികാരപരമായി യേശുദാസിനെത്തന്നെ ഉറ്റുനോക്കുന്നത് ഞാൻ ശ്രദ്ധിച്ചു. ഇതൊരു അപകടമാണല്ലോ എന്ന് എനിക്ക് മനസ്സിലായി. കാരണം ഈ അപകടനിമിഷങ്ങൾ താണ്ടിയ ആളാണ് ഞാൻ. സംശയിച്ചത് തന്നെ സംഭവിക്കുകയും ചെയ്തു. കുറച്ചു നാളുകൾക്ക് ശേഷം - യാതനകൾക്കോ സമരങ്ങൾക്കോ ശേഷം- അവരുടെ വിവാഹം നടന്നു. അന്ന് റെക്കോഡിങ് കാണാൻ വന്ന കുട്ടിയുടെ പേര് പ്രഭ; പിന്നീട് പ്രഭാ യേശുദാസ് ആയി.

പതിമൂന്നിൽ മൂന്ന്
എട്ടു വർഷത്തോളം ആ ദമ്പതികൾക്ക് കുട്ടികൾ ഉണ്ടായില്ല. ''എനിക്ക് എല്ലാ ഭാഗ്യവും തന്നു. കുട്ടികളെ മാത്രം ദൈവം തന്നില്ല'' എന്ന് ഒരിക്കൽ യേശുദാസ് ദുഃഖത്തോടെ എന്നോട് പറയുകയുണ്ടായി. ആയിടയ്ക്ക് നടന്ന രസകരമായ ഒരു ചെറിയ സംഭവം, ഈയടുത്ത കാലത്ത്, എന്റെ കൊച്ചുമകന്റെ പിറന്നാൾ ദിവസം വീട്ടിൽ വന്നപ്പോൾ യേശുദാസ് ഭാര്യ പ്രഭയുടെ സാമീപ്യത്തിൽവെച്ച് ഓർത്തു പറയുകയുണ്ടായി. രാജയ്യ എന്ന് പേരുള്ള ഒരു വാദ്യോപകരണ പ്രതിനിധി (ഓർക്കസ്ട്ര ഇൻ ചാർജ്) എനിക്ക് ഉണ്ടായിരുന്നു. പുള്ളിക്ക് രണ്ട് ഭാര്യമാർ ആണ്. രണ്ടിലും കൂടി പന്ത്രണ്ടു കുട്ടികൾ. എ.വി.എം.ആർ. ആർ സ്റ്റുഡിയോയിൽ എന്റെ ഒരു റെക്കോഡിങ് ദിവസം; യേശുദാസ് പാടണം. അന്ന് രാജയ്യക്ക് പതിമൂന്നാമത്തെ കുട്ടി ജനിച്ചതിന്റെ പേരിൽ സംഗീതോപകരണ സംഘത്തിനും മറ്റുമായി മിഠായി വിതരണം നടത്തുകയായിരുന്നു. അപ്പോഴാണ് യേശുദാസ് പാടാൻ കയറിവന്നത്. യേശുദാസിനും മധുരം കൊടുത്തു. രാജയ്യയ്ക്ക് പതിമൂന്നാമത്തെ കുട്ടി ഉണ്ടായി എന്ന് ഞാൻ പറഞ്ഞതും യേശുദാസ് താഴെ വീണ് അയാളെ സാഷ്ടാംഗം നമസ്കരിച്ചതും ഒരുമിച്ചായിരുന്നു. ''ഒരു പക്ഷേ, അതുകൊണ്ടായിരിക്കും പതിമൂന്നിൽ പത്ത് കുറച്ച് മൂന്ന് കുട്ടികളെ ദൈവം എനിക്ക് തന്നത്'' എന്ന് തമാശരൂപത്തിൽ യേശുദാസ് പറഞ്ഞു.

യേശുദാസിന്റെ പെരുമാറ്റത്തിൽ പലർക്കും ഇടക്കാലത്ത് അഭിപ്രായവ്യത്യാസം ഉണ്ടായതായി ചിലർ പറയുന്നുണ്ടായിരുന്നു. പക്ഷേ, എനിക്ക് ആ അഭിപ്രായമില്ല. എന്നോട് (ദക്ഷിണാമൂർത്തി സ്വാമിയോടും) സ്നേഹത്തോടും ബഹുമാനത്തോടുംകൂടി മാത്രമേ നേരിട്ട് കണ്ടപ്പോഴൊക്കെ യേശുദാസ് ഇന്നുവരെ പെരുമാറിയിട്ടുള്ളൂ. അപൂർവം അഭിപ്രായ വ്യത്യാസങ്ങൾ ഞാൻ പറഞ്ഞിട്ടുണ്ടെങ്കിൽ തന്നെയും അതിന്റെ പ്രതികരണം എന്ന നിലയിൽ എന്റെ പാട്ടുകൾ പാടാൻ വരാതിരിക്കുകയോ വന്നിട്ട് പാടി മോശമാക്കുകയോ ചെയ്തിട്ടില്ല.

യേശുദാസ് മലയാള ചലച്ചിത്രത്തിന് ഇരയിമ്മൻ തമ്പിയുടെ വാക്കുകളിൽ, ഈശ്വരൻ തന്ന നിധിയാണ്. ത്രിസ്ഥായി (മന്ദ്ര, മധ്യ, താര സ്ഥായികൾ) ശബ്ദവും ശാസ്ത്രീയസംഗീതജ്ഞാനവും ഭാവ-വിഭാഗ ബോധവും അക്ഷരസ്ഫുടതയും ഉള്ള യേശുദാസിനെ ഏതു ഗാനവും ധൈര്യമായി ഏൽപ്പിക്കാവുന്നതാണ്. വൈവിധ്യമുള്ള അനേകം ഗാനങ്ങൾ ഞാൻ യേശുദാസിനെക്കൊണ്ട് പാടിച്ചിട്ടുണ്ട്. യേശുദാസ് ഒരു ഗാനം പാടിയാൽ ഉണ്ടാകുന്ന പൂർണത ഒന്ന് വേറെത്തന്നെയാണ്. അങ്ങനെയുള്ള യേശുദാസിനെ ബഹുവിധ അംഗീകാരങ്ങൾ തേടിയെത്തിയതിൽ അദ്ഭുതപ്പെടാനില്ല. യേശുദാസിന് ആദ്യത്തെ ദേശീയ അംഗീകാരം നേടിക്കൊടുത്തത് ഞാൻ സംഗീതം നൽകിയ ഗാനമാണ്.

ദേവരാജൻ നൈറ്റ് എന്നൊരു പരിപാടി വല്ലപ്പോഴും ഒരുക്കുന്ന പതിവ് എനിക്കുണ്ട്. അതിൽ ഞാൻ സംഗീതം നൽകിയ ഗാനങ്ങൾ മാത്രമേ ഉൾക്കൊള്ളിക്കാറുള്ളു. എന്റെ ഗാനങ്ങളിലെ പുരുഷശബ്ദഗാനങ്ങളിൽ 85 ശതമാനവും യേശുദാസ് പാടിയിരിക്കുന്നതുകൊണ്ട് അദ്ദേഹത്തെ കിട്ടിയാൽ മാത്രമേ ഞാൻ ദേവരാജൻ നൈറ്റ് പരിപാടി കൊടുക്കാറുള്ളു. യേശുദാസിനു പുറമെ മാധുരിയാണ് സ്ത്രീശബ്ദത്തിന് വേണ്ടി വരാറുള്ളത്. ബോംബെ, ഹൈദരാബാദ്, കോഴിക്കോട് തുടങ്ങിയ സ്ഥലങ്ങളിൽ ദേവരാജൻ നൈറ്റ് അവതരിപ്പിച്ചിട്ടുണ്ട്. കൂടുതൽ സംഗീതോപകരണ വിദഗ്ധരെ വെച്ച് നല്ല റിഹേഴ്സൽ എടുത്തതിനു ശേഷം നടത്തുന്ന പരിപാടികളായതുകൊണ്ട് അവ എപ്പോഴും വിജയിക്കാറുണ്ട്. അദ്ദേഹത്തിന് ഞാൻ കൊടുക്കുന്ന പ്രതിഫലത്തുക പര്യാപ്തമായതല്ലെങ്കിലും എണ്ണിപ്പോലും നോക്കാതെ വാങ്ങിയിട്ട് പോയിട്ടുണ്ട്. ഇപ്പോൾ യേശുദാസിന് സഹകരിക്കാൻ സമയക്കുറവ് ഉള്ളതുകൊണ്ട് ഞാൻ ഈ പരിപാടി ഏറ്റുപിടിക്കാറില്ല.

ഗൾഫ് നാടുകളിൽ ഗാനമേളകൾക്കായി യേശുദാസ് ധാരാളം തവണ പോയിട്ടുണ്ട്. ഒരു തവണ സ്ത്രീശബ്ദത്തിന് മാധുരിയെയാണ് കൊണ്ടുപോയത്. ദേവരാജൻ നൈറ്റ് ആയിട്ടല്ല പരിപാടികൾ നടത്തിയിരുന്നത്. എങ്കിലും എന്നെയും ആ യാത്രയിൽ കൂട്ടി. സാധാരണയായി അങ്ങനെയൊരു സന്ദർഭം ഞാൻ സ്വീകരിക്കാറില്ലെങ്കിലും എന്തുകൊണ്ടോ അന്ന് സമ്മതിച്ചു. എല്ലാ സംഗീത സംവിധായകരുടെയും ഗാനങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള പരിപാടി ആയിരുന്നു. എനിക്ക് പ്രത്യേകിച്ച് ചെയ്യാൻ ഒന്നുമില്ലായിരുന്നെങ്കിലും അവതരണച്ചുമതല ഞാൻ ഏറ്റെടുത്തു. എന്റെ ഹാജരോ ആവശ്യമോ ഒന്നും ആ പരിപാടിക്ക് ഇല്ലായിരുന്നെങ്കിൽ തന്നെയും എനിക്കും ചില സംഭാവന - സമ്മാനങ്ങൾ യേശുദാസ് തരാൻ മടിച്ചില്ല.

എന്റെ അനുജൻ
1992 മാർച്ച് 6,7,8 തീയതികളിൽ 'മലയാള ചലച്ചിത്ര സംഗീതം-50 വർഷം' എന്ന ആശയത്തോട് അനുബന്ധമായി മൂന്ന് ദിവസത്തെ ചലച്ചിത്ര സംഗീതനിശ ഞങ്ങൾ ആവിഷ്കരിച്ചിരുന്നു. ഈ അൻപത് വർഷത്തിനുള്ളിൽ പുറത്തിറങ്ങിയ ചിത്രങ്ങളെ മൂന്നു ഘട്ടങ്ങളായി വിഭജിച്ച് അവയിൽനിന്ന് തിരഞ്ഞെടുത്ത 85 ഗാനങ്ങളോളം അതിന്റെ സംഗീത സംവിധായകർ തന്നെ നയിക്കുകയും യേശുദാസ്, പി സുശീല, ജയചന്ദ്രൻ, എസ്. ജാനകി ഉൾപ്പെടെ പതിനഞ്ചോളം ഗായകർ ആലപിക്കുകയും ചെയ്യുവാനാണ് തീരുമാനിച്ചിരുന്നത്. പക്ഷേ, ഫെബ്രുവരി 23-ന് എനിക്ക് ഒരു പക്ഷാഘാതം ഉണ്ടായി. പരിപാടികളെല്ലാം മാറ്റിവെക്കപ്പെട്ടു. (വലിയൊരു ഇടവേളയ്ക്കു ശേഷമാണ് പിന്നീട് ആ പരിപാടി നടന്നത്). ഞാൻ ശ്രീചിത്ര മെഡിക്കൽ സെന്റർ ആശുപത്രിയിൽ ശുശ്രൂഷയ്ക്കായി ചേർക്കപ്പെടുകയും ചെയ്തു. അതിനിടയിൽ ഒരു ദിവസം എന്നെ കാണാൻ യേശുദാസ് ആശുപത്രിയിൽ എത്തി. പോകുന്നതിനു മുൻപ് ഒരു കാര്യം എന്നെ ഓർമിപ്പിക്കാൻ മറന്നില്ല: ''എന്നെ അനുജനായി കരുതിയിരിക്കുന്നതുകൊണ്ട് അസുഖത്തിനുള്ള എല്ലാ ചെലവുകളും ഞാൻ വഹിച്ചുകൊള്ളാം.'' അത് പറയാനുള്ള സന്മനസ്സ് യേശുദാസിന് ഉണ്ടായി.

ഡി.എം പൊറ്റക്കാട്, ദേവരാജൻ, വയലാർ, യേശുദാസ്
പക്ഷേ, ആ സഹായം കുറച്ചു മാത്രമേ പ്രയോജനപ്പെടുത്തിയുള്ളു. കാരണം നവോദയ അപ്പച്ചനും ബോബനും കെ.പി.എ.സിയും കൂടി അവരുടെ ഗാനങ്ങൾക്ക് ഗ്രാമഫോൺ കമ്പനിയിൽ നിന്ന് നൽകിയിരുന്ന റോയൽറ്റി ഇനത്തിൽ കിട്ടാവുന്ന തുക എനിക്ക് തരാൻ ശുപാർശ ചെയ്തു. കൂടാതെ അതിനുമുൻപ് തന്നെ ഞാനറിയാതെ ചലച്ചിത്ര പരിഷത്തും കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയും ഒരു തുക ആശുപത്രിയിൽ ഏൽപ്പിച്ചു. ഇനിയും യേശുദാസുമായുള്ള ബന്ധത്തെ കുറിച്ച് എനിക്ക് ധാരാളം പറയുവാനുണ്ടാകും. പക്ഷേ, വിസ്തരഭയം മൂലം ചുരുക്കുന്നു യേശുദാസ് തനിക്കുവേണ്ടി പാടിയ പാട്ടുകളിൽ നിന്ന് ദേവരാജൻ മാസ്റ്റർ തിരഞ്ഞെടുത്ത പ്രാതിനിധ്യ സ്വഭാവമുള്ള കുറച്ച് ഇഷ്ടഗാനങ്ങൾ
       👇🏼👇🏼
പ്രേമം: ശംഖുപുഷ്പം കണ്ണെഴുതുമ്പോൾ, സ്വർണത്താമര (ശകുന്തള),
കായാമ്പൂ (നദി), പാരിജാതം തിരുമിഴി തുറന്നു (തോക്കുകൾ കഥ പറയുന്നു), തങ്കത്തളികയിൽ (ഗായത്രി).
പ്രേമവിരഹം: കണ്ണുനീർമുത്തുമായ് (നിത്യകന്യക)
നാടൻപാട്ട്: എന്നാണെ നിന്നാണെ (ഡോക്ടർ)
ഭക്തി: ശരണമയ്യപ്പാ (ചെമ്പരത്തി)
പശ്ചാത്തല ഗാനം: അഗാധനീലിമയിൽ (കാത്തിരുന്ന നിക്കാഹ്), ഇടയകന്യകേ (മണവാട്ടി)
വിപ്ലവം: മരിക്കാൻ ഞങ്ങൾക്ക് ഭയമില്ല (നീലക്കണ്ണുകൾ), ഓരോ തുള്ളി
ചോരയിൽ നിന്നും (മൂലധനം)
ശാസ്ത്രീയം: നാദബ്രഹ്മത്തിൻ (കാട്ടുകുരങ്ങ്), ശക്തിമയം (ദേവി കന്യാകുമാരി), സത്യം ശിവം സുന്ദരം (കുമാരസംഭവം).
ശാസ്ത്രീയ ഹാസ്യ ഗാനം: പാടാൻ ഭയമില്ല (ചതുർവേദം)
അർധശാസ്ത്രീയഗാനം: നൃത്യതി നൃത്യതി (ചെണ്ട)
മതമൈത്രീഗാനം: മനുഷ്യൻ മതങ്ങളെ (അച്ഛനും ബാപ്പയും), ഈശ്വരൻ
ഹിന്ദുവല്ല (പോസ്റ്റുമാനെ കാണാനില്ല)
ശൃംഗാരം: കുളിര് കുളിര് (ചാകര), പനിനീർമഴ (ഭൂമിദേവി പുഷ്പിണിയായി)
രഹസ്യശബ്ദം: ഇനിയെന്റെ ഇണക്കിളിക്ക് (സ്കൂൾ മാസ്റ്റർ)

ഭാവുകങ്ങൾ...
എന്നാളും കേരളപ്പൊൻപുലരി വിടരവേ
ഹൃദ്യസപ്തസ്വരത്തേൻ
നന്നായ് ചേർത്തുള്ളതാകും തൃമധുരമരുളും
ഗാനഗന്ധർവ്വനാരോ!
ഇന്നാ,ളാ യേശുദാസിന്നടിയിണ മഹി പൂ-
ണ്ടെൺപതാണ്ടെത്തിടുമ്പോ-
ളൊന്നാ നാദാദ്ഭുതത്തെത്തൊഴുതു ശതശുഭം
നേർന്നിടുന്നേൻ സഹർഷം.
          -അത്തിപ്പറ്റ രവി

 🌹 ചന്ദനലേപ സുഗന്ധംഎണ്‍പതു വയസ്സിലെത്തിയ യേശുദാസിനെ കഴിഞ്ഞ ആറുപതിറ്റാണ്ടിലേറെയായി മലയാളി കേട്ടുകൊണ്ടിരിക്കുന്നു. മലയാളവും തമിഴും കന്നടയും തെലുങ്കും ബംഗാളിയും ഹിന്ദിയും  കടന്ന് ആ ശബ്ദം വ്യാപിക്കുന്നു. ഗന്ധര്‍വ്വഗായകന്‍ യേശുദാസിന് എണ്‍പതു വയസ്സായെന്ന ഓര്‍മ്മപ്പെടുത്തല്‍ മലയാള ചലച്ചിത്ര ഗാനശാഖയുടെ ചരിത്രവും പാരമ്പര്യവും വളര്‍ച്ചയും കൂടി ഓര്‍മ്മിപ്പിക്കുകയാണ്. എണ്‍പതും നൂറും കടന്ന് ആ ശബ്ദമാധുര്യം നമുക്കിടയില്‍ സജീവ സാന്നിധ്യമാകും.

മലയാളി എന്നും കേട്ടുകൊണ്ടിരിക്കുന്ന, അനുഭവിക്കുന്ന ശബ്ദമാണ് യേശുദാസിന്റെത്. ഒരാള്‍ ജീവിതത്തില്‍ ആദ്യം കേള്‍ക്കുന്ന പാട്ട് അയാളുടെ ജീവിതത്തെ ഏറെ സ്വാധീനിക്കുമെന്നാണ് പറയാറ്. അങ്ങനെയെങ്കില്‍ യേശുദാസിന്റെ പാട്ടുകളെ, ശബ്ദത്തെ സ്‌നേഹിക്കുന്ന മലയാളികളുടെ ജീവിതത്തെ രൂപപ്പെടുത്തുന്നതില്‍ യേശുദാസ് എന്ന ഗായകന് മുഖ്യ പങ്കുണ്ട്. ഒരു നദിയുടെ സ്വച്ഛസുന്ദരമായ ഒഴുക്കുപോലെ, അദ്ദേഹം പാടിയ ഗാനങ്ങള്‍ മൂന്ന് തലമുറ മലയാളികളുടെ ജീവിതത്തിലൂടെ ഒഴുകിക്കൊണ്ടിരിക്കുന്നു. യേശുദാസില്ലാത്ത ഒരു ജീവിതം മലയാളിക്കില്ല. ഇനി സൃഷ്ടിക്കാനും സാധ്യമല്ല. ഓരോ ദിവസവും ഓരോ സന്ദര്‍ഭത്തിലും ഗന്ധര്‍വ്വ ഗായകന്‍ നമുക്കിടയിലേക്ക് കടന്നു വന്നുകൊണ്ടിരിക്കുന്നു.

ഭക്തിയും പ്രണയവും സങ്കടവും സന്തോഷവും എല്ലാം ഇടകലര്‍ന്ന ജീവിതത്തില്‍ ആ ശബ്ദം ഒഴിച്ചു കൂടാനാകാത്ത വ്യക്തിയോ സംഗീതമോ ആകുന്നു. കടുത്ത ദുഃഖം വന്നു പൊതിയുമ്പോള്‍ യേശുദാസിന്റെ ശബ്ദത്തില്‍ നമ്മുടെ മനസ്സിലേക്ക് കയറിക്കൂടിയ സ്വര്‍ണ്ണത്താമര ഇതളിലുറങ്ങും... എന്ന ഗാനം മനസ്സിനെ ശാന്തതയുടെ തീരത്തെത്തിക്കുന്നു. ആഹ്ലാദത്തിന്റെ കൊടുമുടി കയറുമ്പോള്‍ തങ്കഭസ്മക്കുറിയിട്ട തമ്പുരാട്ടി.... എന്ന ഗാനം തുള്ളിക്കളിച്ചു പാടാന്‍ നമുക്കു കൊതിയാകുന്നു. പ്രണയപരവശനായിരിക്കുമ്പോഴും വിരഹത്താല്‍ നീറുമ്പോഴും മനസ്സിലേക്ക് ഒഴുകിയെത്തണമെന്ന് കൊതിക്കുന്ന എത്രയോ ഗാനങ്ങള്‍. ''സുറുമയെഴുതിയ മിഴികളേ... പ്രണയമധുര തേന്‍ തുളുമ്പും സൂര്യകാന്തി പൂക്കളേ...'' എന്ന യൂസഫലി കേച്ചേരിയുടെ വരികള്‍ യേശുദാസിന്റെ ശബ്ദത്തിലെത്തുമ്പോള്‍ പ്രണയാര്‍ദ്രമാകാത്ത മനസ്സുകളുണ്ടോ? പ്രണയത്തിന്റെയും വിരഹത്തിന്റെയും തേന്മഴ പെയ്യിക്കുന്ന ഗാനം അനശ്വരമായത് യേശുദാസിന്റെ ശബ്ദത്തിലായപ്പോഴാണ്. പാട്ടു പാടിക്കഴിയുമ്പോള്‍ പ്രണയത്തിന്റെ ആഹ്ലാദം മുഴുവന്‍ ഹൃദയത്തില്‍ നിറച്ച് കണ്ണടച്ച് ധ്യാനത്തിലാകുന്ന ആയിരങ്ങളുണ്ട്. ഒരു ഗായകന്‍ നമ്മുടെ മനസ്സിനെ, ജീവിതത്തെ കീഴടക്കുന്നതെങ്ങനെയെന്ന് തിരിച്ചറിയുന്നു.

എല്ലാമാസവും ശബരിമലയില്‍ പോകുന്ന ഒരു സുഹൃത്ത് പറഞ്ഞത് അയ്യപ്പനോടുള്ള അപാരമായ ഭക്തിക്കപ്പുറം മറ്റൊന്നു കൂടിയുണ്ട് തന്നെ അവിടേക്ക് അടുപ്പിക്കുന്നതിന് കാരണമായി എന്നാണ്. അയ്യപ്പന്റെ തിരുനടയടയ്ക്കുമ്പോള്‍ യേശുദാസിന്റെ ശബ്ദത്തില്‍ പ്രവഹിക്കുന്ന ഉറക്കുപാട്ട്! യേശുദാസ് പാടുന്ന ഹരിവരാസനം കേട്ട് ആ നടയില്‍ കണ്ണടച്ചു നില്‍ക്കുമ്പോള്‍ ഈശ്വര ചൈതന്യം ആശ്ലേഷിക്കുന്ന അനുഭൂതിയുണ്ടാകും. കാടും മലയും താണ്ടി, കല്ലും മുള്ളും ചവിട്ടി ശബരീശ ദര്‍ശനം കഴിഞ്ഞ് മലയിറങ്ങുന്ന അയ്യപ്പഭക്തന്റെ ഹൃദയത്തിലേക്കാണ് യേശുദാസിന്റെ ശബ്ദം പ്രവഹിക്കുന്നത്.

ഹരിവരാസനം വിശ്വമോഹനം
ഹരിദധീശ്വരം ആരാധ്യപാദുകം
അരിവിമര്‍ദനം നിത്യനര്‍ത്തനം
ഹരിഹരാത്മജം ദേവമാശ്രയേ...

ഭക്തി ലഹരിയില്‍ പൂങ്കാവനത്തില്‍ സൗരഭ്യം പരക്കുമ്പോള്‍ ഭക്തിയുടെ ഒരു പങ്ക് ഗാനഗന്ധര്‍വ്വനായി മാറ്റി വയ്ക്കുന്നു. കോടി ജനങ്ങളുടെ പുണ്യം അദ്ദേഹത്തിനു കൂടി പകുത്തു നല്‍കുന്നു.ഗുരുവായൂരപ്പന്റെ തിരുനട തുറക്കുമ്പോള്‍ യേശുദാസിന്റെ ശബ്ദമാണ് നിറയുന്നത്. സംഗീതത്തെ ക്ഷേത്രത്തില്‍ കയറ്റി സംഗീതജ്ഞനെ പുറത്തു നിര്‍ത്തിയപ്പോള്‍ പുറത്തു നിന്നദ്ദേഹം പാടുന്നു...

ഗുരുവായൂരമ്പല നടയില്‍
ഒരു ദിവസം ഞാന്‍ പോകും
ഗോപുര വാതില്‍ തുറക്കും ഞാന്‍
ഗോപകുമാരനെ കാണും....


എല്ലാ ജന്മദിനത്തിനും മൂകാംബികാ ദേവിക്കു മുന്നില്‍ ഭക്തിയോടെ അദ്ദേഹം പാടുന്നു. സൗപര്‍ണ്ണികാ തീര്‍ഥം ശരീരത്തിലും കുടജാദ്രിയിലെ ഔഷധക്കാറ്റിനെ ഹൃദയത്തിലും നിറച്ച് മൂകാംബികാ ദേവിക്കു മുന്നില്‍ നില്‍ക്കുന്നു. ദേവിക്കു മുന്നില്‍ വിലക്കുകളില്ലാതെ പാട്ടിന്റെ പാലാഴി തീര്‍ക്കുമ്പോള്‍ ദേവീ ശ്രീകോവിലില്‍ നിന്ന് ഇറങ്ങി വന്ന് അദ്ദേഹത്തിന്റെ ശരീരത്തിലേക്കു കയറുന്നു. ആ കാറ്റില്‍ ഒരു പാട്ട് ഒഴുകിയെത്തുന്നു. ഈശ്വരന്‍ മനുഷ്യനായി അവതരിച്ചു.....

1940 ജനുവരി 10ന് ഫോര്‍ട്ടുകൊച്ചിയിലെ റോമന്‍ കത്തോലിക്കാ കുടുംബത്തില്‍ സംഗീതജ്ഞനും നാടക നടനുമായിരുന്ന അഗസ്റ്റിന്‍ ജോസഫിന്റെ മകനായാണ് കാട്ടാശ്ശേരി ജോസഫ് യേശുദാസ് ജനിച്ചത്. അച്ഛന്‍ പാടിപ്പഠിപ്പിച്ചവ മനസ്സില്‍ ധ്യാനിച്ച് യേശുദാസ് പന്ത്രണ്ടാം വയസില്‍ ആദ്യത്തെ കച്ചേരി അവതരിപ്പിച്ചു. തിരുവനന്തപുരത്തെ സ്വാതിതിരുന്നാള്‍ സംഗീത കോളേജ്, തൃപ്പൂണിത്തുറ ആര്‍എല്‍വി സംഗീത കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.

ശ്രീനാരായണ ഗുരുദേവ സൂക്തമാണ് യേശുദാസ് സിനിമയ്ക്കു വേണ്ടി ആദ്യമായി പാടിയത്. കെ.എസ്.ആന്റണി സംവിധാനം ചെയ്ത 'കാല്‍പ്പാടുകള്‍' എന്ന സിനിമയ്ക്കു വേണ്ടിയായിരുന്നു അത്. ദക്ഷിണാമൂര്‍ത്തിയായിരുന്നു സംഗീത സംവിധായകന്‍. നടനും പാട്ടുകാരനുമായ അഗസ്റ്റിന്‍ ജോസഫിന്റെ മകന്‍ പാട്ടുകാരനാണെന്നും അവനെക്കൊണ്ട് പാട്ടു പാടിക്കാമെന്നും പറഞ്ഞത് ചിത്രത്തിന്റെ സംവിധായകന്‍ ആന്റണിയാണ്. റിക്കോര്‍ഡിംഗ് സ്റ്റുഡിയോയിലെ മൈക്കിനുള്ളിലൂടെ പുറത്തേക്കു വന്ന സ്വരത്തിന്റെ ഭംഗിയില്‍, ആലാപന മാധുരിയില്‍, അവിടെയുണ്ടായിരുന്നവര്‍ അദ്ഭുതപ്പെട്ടു. ആ ശബ്ദം മലയാളത്തിന്റെ ശബ്ദമാകുമെന്ന് ദീര്‍ഘജ്ഞാനിയായ ദക്ഷിണാമൂര്‍ത്തിസ്വാമി അന്നേ കുറിച്ചിട്ടു. ദക്ഷിണാമൂര്‍ത്തിയും യേശുദാസുമായി പിന്നീടുണ്ടായ ഗുരുശിഷ്യബന്ധവും ആ ബന്ധത്തിലൂടെ പുറത്തു വന്ന നിരവധി പാട്ടുകളും ഗൃഹാതുര സ്മരണകളുണര്‍ത്തുന്നതാണ്.

വെള്ളിത്തിരയില്‍ പ്രേംനസീര്‍. പിന്നണിയില്‍ വയലാര്‍-ദേവരാജന്‍-യേശുദാസ്. അറുപതുകളില്‍ മലയാളം സിനിമയുടെ സൂത്രവാക്യം ഇങ്ങനെയായിരുന്നു. 1962ല്‍ ഭാഗ്യജാതകത്തിനു വേണ്ടി പി.ലീലയ്‌ക്കൊപ്പം യേശുദാസ് പാടിയ 'ആദ്യത്തെ കണ്‍മണി'എന്ന ഗാനം ശ്രദ്ധേയമായി. പിന്നണിയില്‍ ബാബുരാജ്-ഭാസ്‌കരന്‍ ടീമായിരുന്നു. അറുപതുകളുടെ തുടക്കത്തില്‍ പി.ഭാസ്‌കരന്‍-ബാബുരാജ് ടീമിന്റെ വലിയ ഹിറ്റുകളിലൊന്നായ ഭാര്‍ഗവിനിലയത്തിലെ 'താമസമെന്തേ വരുവാന്‍' യേശുദാസിനെ ഗായകനെന്ന നിലയില്‍ പ്രശസ്തനാക്കി. അതേ വര്‍ഷം തന്നെയാണ് പഴശിരാജയില്‍ ആര്‍.കെ.ശേഖറിനു വേണ്ടി 'ചൊട്ട മുതല്‍ ചുടല വരെ' അദ്ദേഹം പാടിയത്.

മുപ്പത്തിമൂവായിരത്തോളം പാട്ടുകള്‍ പാടിയ യേശുദാസിന്റെ ശബ്ദം കൂടുതലും പ്രേംനസീറിനു വേണ്ടിയായിരുന്നു ഉപയോഗിച്ചത്. പിന്നണിയില്‍ ദാസ് പാടുമ്പോള്‍ വെള്ളിത്തിരയില്‍ നസീര്‍ ചുണ്ടനക്കി അഭിനയിക്കും. നസീറിന്റെ ചുണ്ടനക്കം കാണുമ്പോള്‍ പാട്ടുപാടുന്നത് മറ്റൊരാളാണെന്ന് മനസ്സിലാകുകയേ ഇല്ല. നസീറിന്റെ അഭിനയവും ആകാരസൗന്ദര്യവും യേശുദാസിന്റെ ശബ്ദവുമായി പ്രത്യേകമായൊരു ചേര്‍ച്ചയുണ്ടായിരുന്നു. പ്രേംനസീറിന്റെ ചേതനയറ്റ ശരീരത്തിനു മുന്നില്‍ വന്നു നിന്ന് 'ഈ മനോഹര തീരത്തു തരുമോ ഇനിയൊരു ജന്മം കൂടി....'എന്ന് യേശുദാസ് പാടിയപ്പോള്‍, മലയാളിയറിഞ്ഞത് ഒരു ഗായകനും നടനും തമ്മിലുള്ള ആത്മബന്ധമാണ്. ദക്ഷിണാമൂര്‍ത്തി, ബാബുരാജ്, എം.കെ.അര്‍ജുനന്‍, ദേവരാജന്‍ എന്നിവരെല്ലാം ഗന്ധര്‍വ്വ സ്വരത്തിന് നല്ല ഈണങ്ങള്‍ ചാര്‍ത്തി മലയാളിക്ക് സമ്മാനിച്ചു. ദക്ഷിണാമൂര്‍ത്തി മുതല്‍ ഇങ്ങേത്തലയ്ക്കല്‍ എം.ജയചന്ദ്രന്‍ വരെ പാട്ടിന്റെ പാലാഴിയില്‍ മധുരം ചേര്‍ത്തവരാണ്.

ഇടയ്ക്ക് നടനായും സംഗീത സംവിധായകനായും അദ്ദേഹം വേഷമിട്ടു. പന്ത്രണ്ട് സിനിമകളില്‍  അഭിനയിച്ചു. എത്ര ശ്രമിച്ചാലും യേശുദാസെന്ന ഗായകന്റെ ഏഴയലത്ത് എത്തില്ല, യേശുദാസെന്ന നടന്‍ എന്ന് പറയുന്നത് ഏറെ ശരിയാണ്. എന്നാല്‍ 'കായംകുളം കൊച്ചുണ്ണി'യിലെ (പഴയ കായംകുളം കൊച്ചുണ്ണി) സുറുമ വില്‍പ്പനക്കാരനെ ആര്‍ക്കുമറക്കാനാകും. 'സുറുമ നല്ല സുറുമ...' എന്ന പാട്ടുപാടി താളബോധത്തോടെ, കണ്ണിറുക്കി ചുവടുവയ്ക്കുന്ന യേശുദാസിനെ മറക്കാനാകില്ല. അഭിനയിച്ച സിനിമകളില്‍ പലതിലും യേശുദാസായിട്ടുതന്നെയായിരുന്നു നടനം.

വീണവിദ്വാന്‍ എസ്.ബാലചന്ദര്‍ സംവിധാനം ചെയ്ത ബൊമ്മെ(1964) എന്ന ചിത്രത്തിലൂടെയായിരുന്നു തമിഴിലേക്കുള്ള അരങ്ങേറ്റം. 'കാതലിക്ക നേരമില്ലൈ' എന്ന ചിത്രത്തില്‍ സുശീലയോടൊപ്പം പാടിയ 'എന്ന പാര്‍വൈ...' എന്ന ഗാനമാണ് തമിഴില്‍ ശ്രദ്ധനേടിക്കൊടുത്തത്. 1974ല്‍ 'ഉരിമൈക്കുരള്‍' എന്ന എം.ജി.ആര്‍ ചിത്രത്തിനുവേണ്ടി പാടിയ 'വിഴിയെ കഥയെഴുത്...' എന്ന ഗാനവും ഹിറ്റായി. പിന്നീട് നിരവധി പാട്ടുകള്‍ തമിഴില്‍ യേദാസിന്റെ ശബ്ദത്തില്‍ പുറത്തുവന്നു. ഇളയരാജയുമൊത്ത് നിരവധി ഹിറ്റുകള്‍ സമ്മാനിച്ചു. മുഹമ്മദ് റഫി, കിഷോര്‍കുമാര്‍, മുകേഷ്, മന്നാഡെ തുടങ്ങിയവര്‍ അരങ്ങ് അടക്കി വാഴുന്ന കാലത്താണ് യേശുദാസ് ഹിന്ദിയില്‍ പാടാനെത്തുന്നത്. ദക്ഷിണേന്ത്യക്കാരന്റെ ഹിന്ദി എങ്ങനെയുണ്ടാകുമെന്ന് നെറ്റി ചുളിച്ചവരുടെയിടയില്‍ എന്നും ഓര്‍ക്കുന്ന നല്ല പാട്ടുകളുമായി ഒരുപതിറ്റാണ്ടോളം യേശുദാസ് വെന്നിക്കൊടി പാറിച്ചു. ചിത്‌ചോറിലെ പാട്ടിന് മികച്ച ഗായകനുള്ള ദേശീയ പുരസ്‌കാരവും നേടി. 1972ല്‍ ബസുഭട്ടാചാര്യയുടെ 'ആനന്ദ്മഹല്‍' എന്ന ചിത്രത്തിലെ ഗാനങ്ങളാണ് യേശുദാസിന് ഏറെ ജനപ്രീതി നേടിക്കൊടുത്തത്. 'നിസഗമപനീ സരിഗാ ആ ആരേ മിത്വാ...' ഗാനം പ്രശസ്തമായി.
കേരളം അദ്ദേഹത്തെ 25 പ്രാവശ്യം പുരസ്‌കാരം നല്‍കി ആദരിച്ചു. ആന്ധ്രാ സര്‍ക്കാരിന്റെ പുരസ്‌കാരം നാല് തവണയും തമിഴ്‌നാട് സര്‍ക്കാരിന്റെ  പുരസ്‌കാരം അഞ്ചു തവണയും ലഭിച്ചു. പശ്ചിമബംഗാളിന്റെയടക്കം നിരവധി സംസ്ഥാനങ്ങള്‍ പുരസ്‌കാരം നല്‍കി ആദരിച്ചു. രാജ്യം പദ്മശ്രീയും പദ്മവിഭൂഷണും നല്‍കി. യേശുദാസില്ലാതെ മലയാളിയില്ല, മലയാളമില്ല. ഒരു ദിവസം ഒരുനേരമെങ്കിലും അദ്ദേഹത്തെ ഓര്‍ത്തുപോകുന്നു, ഒരു മൂളിപ്പാട്ടായി യേശുദാസ് നമ്മുടെ ചുണ്ടിലേക്കും അതുവഴി മനസ്സിലേക്കും കയറിക്കൂടുന്നു. മലയാളിക്ക് എത്ര കേട്ടാലും മതിയാകില്ല, ഗാനഗന്ധര്‍വ്വന്റെ സ്വരം. അത്രയ്ക്ക് ഇഴുകി ചേര്‍ന്നിരിക്കുന്നു യേശുദാസെന്ന ഗായകന്‍ നമ്മുടെ ജീവിതവുമായി. എണ്‍പതും കടന്ന് ആ യാത്ര തുടരും, മലയാളിയുള്ളിടത്തോളം കാലം. സംഗീതാസ്വാദകരുടെ ജീവിതത്തില്‍ ആ ശബ്ദം ചന്ദനലേപ സുഗന്ധം നിറയ്ക്കുന്നു.
കവിവാക്യം ഇങ്ങനെ...:
സ്വര്‍ഗ്ഗസുന്ദര ഗാനസൗരഭ
സ്വര്‍ഗ്ഗമേകിയ സൗമ്യതേ...
ശുദ്ധമാം ശ്രുതിയാലപിക്കുന്ന
ശബ്ദസാഗരമാണു നീ!
🙏🏿🌹


 ദാസേട്ടന്റെ തന്നെ അഭിപ്രായത്തിൽ അദ്ദേഹം പാടിയിട്ടുള്ള ഏറ്റവും ബുദ്ധി മുട്ടേറിയ ഗാനം താൻസെന് എന്ന ഹിന്ദി ചിത്രത്തിന് വേണ്ടി രവീന്ദ്ര ജെയിൻ സംഗീതം നൽകിയ 'ഷഡ്‌ജ്‌ നെ പായ ' എന്ന അതി മനോഹര ഗാനം ആയിരുന്നു. ഇതിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാവണം 'ദേവസഭാതലം'എന്ന ഗാനം  പിറന്നത് . യേശുദാസ് എന്ന ഗന്ധർവനെ ഏതാണ്ട് പൂർണമായും ഉപ്രയോഗിക്കാൻ  ഈ ഗാനത്തിലൂടെ രവീന്ദ്ര ജെയിൻ എന്ന മാസ്റ്റർ  ക്രിയേറ്റർ ക്കു സാധിച്ചു . തീർച്ചയായും എല്ലാ സംഗീത പ്രേമികളും കേട്ടിരിക്കേണ്ട ആ ഗാനം ഇതാ 🙏
https://www.youtube.com/watch?v=6lAlFHaWFlU


ഇനി ആ... സ്വരമാധുരിയിലേക്ക്...🙏🏻🙏🏻
https://youtu.be/5aHF12Ev-18
https://youtu.be/m66UrCZua4Q
https://youtu.be/jmfdqmZGNWY
https://youtu.be/cgY0sLarKXU
https://youtu.be/wkvSv5EbZOk
https://youtu.be/UyGVHRvKIsM
https://youtu.be/y5s2swEXmiY
https://youtu.be/fKHF6EdpmBs
https://youtu.be/BI39ymK462k
https://youtu.be/KQ1IGF1cvxE
https://youtu.be/k05UA4uGdi8
https://youtu.be/qA7lfyIOXuo
https://youtu.be/NKsFOCahLWs
https://youtu.be/M7IVby5mayQ
https://www.youtube.com/playlist?list=PLPnJX0rAQRX2XjbqSNfs4gFVaCfhaKMGL
https://youtu.be/NHu-9PYTvT4
https://youtu.be/WNbxGuDahrc
https://youtu.be/I3Ex-OBdoPQ
https://youtu.be/wZ11ggW8L0E
https://youtu.be/BL2mTQQYQ_0
https://youtu.be/Bv3nuBYf8BM
https://youtu.be/0beE8mgdBzE
https://youtu.be/DngurpPulvM
https://www.youtube.com/playlist?list=PLkL_xqzia9w86CLumYgTZOuPP8jWLD5ji
https://youtu.be/tz3E-Tvb80g

ആസ്വദിക്കൂ.....🙏🏻🙏🏻🙏🏻










Comments